തിരുവനന്തപുരം: വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ കൊണ്ടുവന്ന 2026-ലെ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിച്ചു. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.
2026 ജൂൺ 22-ന് പുറത്തിറക്കിയ Foreign Contribution (Regulation) Amendment Rules, 2026-ഉം പാർലമെന്റിൽ അവതരിപ്പിച്ച Foreign Contribution (Regulation) Amendment Bill, 2026-ഉം കേരളത്തിലടക്കം രാജ്യത്തെ സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അശരണർക്കുള്ള ചികിത്സാസഹായം, ഭിന്നശേഷിക്കാരുടെ പുനരധിവാസം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സർക്കാർ സംവിധാനങ്ങൾക്ക് വലിയ പിന്തുണയാണ് സന്നദ്ധ സംഘടനകൾ നൽകുന്നതെന്നും, പുതിയ ഭേദഗതികൾ ഈ സേവനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും പ്രമേയം വിലയിരുത്തുന്നു.
വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ പ്രവർത്തന മേഖല 105 വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നതും, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് മറ്റൊരു സംസ്ഥാനത്ത് പ്രവർത്തിക്കാൻ വീണ്ടും രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതും സന്നദ്ധ പ്രവർത്തനങ്ങൾക്ക് പ്രായോഗിക തടസ്സമാകുമെന്ന് പ്രമേയത്തിൽ പറയുന്നു.
ആദ്യ ഗഡു വിദേശ ഫണ്ട് ഉപയോഗിച്ചതായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ തുടർഗഡുക്കൾ അനുവദിക്കൂ എന്ന വ്യവസ്ഥ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെ ബാധിക്കുമെന്നും, ചട്ടലംഘനങ്ങൾക്ക് ലഭിച്ച സംഭാവനയുടെ 30 ശതമാനം വരെ പിഴ ചുമത്തുന്ന വ്യവസ്ഥ ചെറിയ സാങ്കേതിക പിഴവുകൾക്കും കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും സർക്കാർ അഭിപ്രായപ്പെടുന്നു.
സംഘടനാ ഭാരവാഹികളുടെയും ബന്ധപ്പെട്ട വ്യക്തികളുടെയും വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ സ്വകാര്യതയുടെയും ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും പ്രമേയത്തിൽ പറയുന്നു.
‘കീ ഫങ്ഷണറി’ എന്ന പദത്തിന്റെ പരിധി ഡയറക്ടർമാർ, ട്രസ്റ്റിമാർ, പങ്കാളികൾ എന്നിവരിലേക്ക് വ്യാപിപ്പിക്കുന്നതും സാങ്കേതിക നിയമലംഘനങ്ങൾക്കുപോലും വ്യക്തിപരമായ ശിക്ഷാനടപടികൾക്ക് വഴിയൊരുക്കുന്നതും സന്നദ്ധ സേവനരംഗത്തേക്ക് പ്രമുഖരെയും വിദഗ്ധരെയും എത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ പുതുക്കാതിരിക്കുകയോ ചെയ്താൽ സംഘടനകളുടെ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആസ്തികൾ ഏറ്റെടുക്കാൻ സർക്കാർ നിയോഗിക്കുന്ന അതോറിറ്റിക്ക് അധികാരം നൽകുന്ന വ്യവസ്ഥ സ്വാഭാവിക നീതിയുടെയും നിയമവാഴ്ചയുടെയും അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രമേയം വിലയിരുത്തുന്നു.
വിദേശ ഫണ്ട് കൈമാറ്റത്തിനും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചെറുകിട സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, ‘മതപരിവർത്തന ശ്രമങ്ങൾ’ എന്ന വ്യക്തമായ നിർവചനമില്ലാത്ത പ്രയോഗം ദുരുപയോഗത്തിന് ഇടയാക്കുമെന്നും സർക്കാർ ആശങ്ക രേഖപ്പെടുത്തി.
ഭരണഘടനയുടെ ആർട്ടിക്കിൾ 19, 20, 25 എന്നിവയിലെ അവകാശങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായ ഈ നിയമ-ചട്ട ഭേദഗതികൾ രാജ്യത്തെ സന്നദ്ധ സേവന സംഘടനകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും, അതിനാൽ Foreign Contribution (Regulation) Amendment Bill, 2026-ഉം Foreign Contribution (Regulation) Amendment Rules, 2026-ഉം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതായി പ്രമേയത്തിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *