കോഴിക്കോട്: ചെലവൂർ ഐസിഎആർ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം 51-ാം സ്ഥാപക ദിനം ‘സുഗന്ധവിളകളിലൂടെ പുരോഗതിയും സമൃദ്ധിയും’ എന്ന പ്രമേയത്തിൽ ആചരിച്ചു. സുഗന്ധവിള ഗവേഷണം, സാങ്കേതിക വികസനം, കർഷകർക്കും വിവിധ പങ്കാളികൾക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സാങ്കേതിക വ്യാപനം എന്നിവയിൽ സ്ഥാപനത്തിന്റെ സംഭാവനകൾ ചടങ്ങിൽ വിലയിരുത്തി.

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജയരാജ് യു. കിടാവ് ചടങ്ങിൽ മുഖ്യാതിഥിയായി. കാർഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് നൂതന സാങ്കേതികവിദ്യകളുടെ സംയോജനം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധ്യക്ഷത വഹിച്ച ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ. ദിനേശ് സ്ഥാപനത്തിന്റെ ഗവേഷണ നേട്ടങ്ങളും ഭാവി പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു.

ഐഐഎസ്ആർ വികസിപ്പിച്ച സാങ്കേതികവിദ്യകളുടെ വ്യാപനത്തിനായി വിവിധ സ്ഥാപനങ്ങളുമായി സാങ്കേതിക ലൈസൻസ് കരാറുകൾ ചടങ്ങിൽ കൈമാറി. സംസ്ഥാന കുടുംബശ്രീ മിഷൻ, ഐഐഎസ്ആർ വികസിപ്പിച്ച കുരുമുളക് ഇനമായ ഐഐഎസ്ആർ ചന്ദ്ര, മഞ്ഞൾ ഇനങ്ങളായ ഐഐഎസ്ആർ പ്രതിഭ, ആലപ്പി സുപ്രീം, ഇഞ്ചി ഇനമായ വജ്ര, ഏലം ഇനമായ മനുശ്രീ, കറുവപ്പട്ട ഇനമായ നിത്യശ്രീ എന്നിവയുടെ നടീൽ വസ്തുക്കളുടെ ഉല്പാദനത്തിനുള്ള ലൈസൻസ് ഏറ്റുവാങ്ങി. ഇതോടൊപ്പം ദ്രാവകരൂപത്തിലുള്ള സുഗന്ധവ്യഞ്ജന എക്സ്ട്രാക്ടുകളും അവയുടെ നിർമ്മാണ സാങ്കേതികവിദ്യയും, ശർക്കര അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ, പാൽ-പാൽ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാവുന്ന സ്പൈസ് മിക്സ്, ജാതിത്തൊണ്ട് അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നം എന്നീ സാങ്കേതികവിദ്യകളുടെ ലൈസൻസും കുടുംബശ്രീ മിഷന് കൈമാറി. കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ഐഐഎസ്ആർ ഡയറക്ടർ ഡോ. ആർ. ദിനേശിൽ നിന്നും ലൈസൻസ് കരാർ ഏറ്റുവാങ്ങി. ഇതോടൊപ്പം, ഐഐഎസ്ആർ ചന്ദ്ര കുരുമുളക് ഇനത്തിന്റെ വ്യാപനത്തിനായി പേരാമ്പ്ര ഗ്രമീൺ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡുമായി മറ്റൊരു ഉല്പാദന ലൈസൻസ് കരാറിലും ഒപ്പുവച്ചു.

മഞ്ഞൾ, ഏലം, കുരുമുളക്, ഇഞ്ചി എന്നീ പ്രധാന സുഗന്ധവിളകളുടെ മികച്ച കാർഷികരീതികൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. മോട്ടിവേഷണൽ സ്പീക്കർ ശ്രീ. പി.എം.എ. ഗഫൂർ ചടങ്ങിൽ പ്രത്യേക പ്രഭാഷണം നടത്തി. ഡോ. അനീസ് കെ. സ്വാഗതവും ഡോ. എസ്. ആർ. മനീഷ നന്ദിയും രേഖപ്പെടുത്തി. സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 30ന് കോഴിക്കോട് കട്ടിപ്പാറയിൽ കർഷക-ശാസ്ത്രജ്ഞ സംവാദ പരിപാടിയും ഗവേഷണ സ്ഥാപനം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *