ബെംഗളൂരു: ബെംഗളൂരുവിലെ ഡേകെയര്‍ സെന്ററില്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ ക്രൂരപീഡനമെന്ന് ആരോപണം. കരയുന്ന രണ്ടും മൂന്നും വയസുള്ള കുട്ടികളെ വാഷിങ് മെഷീനില്‍ ഇരുത്തുകയും ബാത്ത്‌റൂമില്‍ പൂട്ടിയിടുകയും ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം തളിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവിലെ ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ എച്ച്എഎല്‍ ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേകെയര്‍ സെന്ററിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളിലാണ് കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറുന്നതായി ആരോപണമുയര്‍ന്നത്. കരയുന്ന കുട്ടികളെ ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമായി ഫ്രണ്ട്- ലോഡ് വാഷിങ് മെഷീനിന്റെ ഡ്രമ്മില്‍ ഇരുത്തുകയും ബാത്ത്‌റൂമില്‍ പൂട്ടിയിടുകയും ടോയ്‌ലറ്റ് ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം തളിക്കുകയുമാണ് ചെയ്തതെന്നാണ് പരാതി.

സംഭവം പുറത്തുവന്നതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. അഞ്ച് വനിതാ ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *