കൊച്ചി: കുംഭമേള പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

ഇന്നലെ ഫാര്‍മാന്റെ ജാമ്യ ഹരജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക പോക്‌സോ കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയായിരുന്നു കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടഞ്ഞുള്ള മുന്‍ ഉത്തരവ് നീട്ടണമെന്നായിരുന്നു ആവശ്യം.

നേരത്തെ, ഫര്‍മാന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ട കേരള ഹൈക്കോടതി, കൃത്യമായ നിയമനടപടികള്‍ക്കായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ ഇയാള്‍ക്ക് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫര്‍മാന്‍ മധ്യപ്രദേശിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവിടുത്തെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

മാര്‍ച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തില്‍വച്ച് പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താല്‍പര്യപ്രകാരം വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *