ന്യൂ ഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി)യുടെ എക്സ് അക്കൗണ്ടിന്മേലുള്ള നിയന്ത്രണം നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. മെയ് മാസത്തിൽ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിന്മേൽ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രത്തിൻ്റെ നടപടിക്ക് എതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയുടെ വിധി.
ജൂൺ 21ലെ നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക പടരാതിരിക്കാനാണ് കോക്രോച്ച് ജനത പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ തടഞ്ഞുവച്ചതെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. എന്നാൽ നീറ്റ് ഇതിനകം അവസാനിച്ചതിനാൽ, പ്രാഥമിക ആശങ്കയ്ക്ക് ഇനി പ്രസക്തിയില്ലെന്നും ഈ സാഹചര്യങ്ങളിൽ, ഉത്തരവ് റദ്ദാക്കുന്നുവെന്നും ഹർജി അനുവദനീയമാണ് എന്നും ജസ്റ്റിസ് ശർമ്മ ഉത്തരവിൽ പറയുന്നു.
കേന്ദ്ര സര്ക്കാരിന്റലെ വിദ്യാഭ്യാസ മേഖലയിലെ വ്യവസ്ഥാപിത പരാജയങ്ങളും നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയും മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ശക്തമായ സമരം തുടരുകയാണ്.
