കുമളി: തേനിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഇരുപതുകാരനായ മകനെ പിതാവും കൂട്ടാളികളും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി നദിയിലൊഴുക്കിയ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ മൂന്ന് വർഷങ്ങൾക്ക് ശേഷം പുറത്ത്. കേസിൽ യുവാവിന്റെ പിതാവ് തേനി എം.ജി.ആർ നഗർ സ്വദേശി ബാലമുരുകൻ (49), ഇയാളുടെ സുഹൃത്ത് അലക്സ് (24) എന്നിവരെ സി.ബി.സി.ഐ.ഡി പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കാളിയായ കറുപ്പസാമിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വർഷങ്ങളായി കാണാതായ യുവാവിനെക്കുറിച്ചുള്ള അന്വേഷണം അച്ഛന്റെ സുഹൃത്തുക്കളിലേക്ക് നീണ്ടതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
2023 ജൂലൈ ഒമ്പതിനാണ് തമിഴ്നാട്ടിലെ തേനിയിൽ നാടിനെ നടുക്കിയ അരുംകൊല അരങ്ങേറിയത്. ബാലമുരുകന്റെ ഒന്നാം ഭാര്യയിലെ മകനായ ശ്രീകാന്ത് (20) ആണ് കൊല്ലപ്പെട്ടത്. ബാലമുരുകൻ മറ്റ് വിവാഹം കഴിച്ചതോടെ, തനിക്കും അമ്മ രാജലക്ഷ്മിക്കും ജീവിക്കാനായി സ്വത്തിൽ അവകാശം വേണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി അച്ഛനും മകനും തമ്മിൽ നിരന്തരം തർക്കങ്ങളും വഴക്കുകളും പതിവായിരുന്നു. മുൻപ് ശ്രീകാന്തിനെ ബാലമുരുകൻ മർദിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ കേസുണ്ടായിരുന്നു. ഈ കേസ് പിൻവലിക്കാൻ ശ്രീകാന്ത് തയ്യാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണം.
സംഭവദിവസം ശ്രീകാന്തിനെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ പ്രതികൾ, മദ്യം നൽകിയ ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അരൺമനപുത്തൂരിലെ മുല്ലൈനഗർ പ്രദേശത്തുവെച്ച് ബാലമുരുകനും സുഹൃത്തുക്കളായ അലക്സും കറുപ്പസാമിയും ചേർന്ന് വയൽപതിയിലെ മുല്ലപ്പെരിയാർ നദിക്ക് സമീപമുള്ള ഒരു ശ്മശാനത്തിൽവെച്ച് ശ്രീകാന്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കശാപ്പ് കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുല്ലപ്പെരിയാർ നദിയിലേക്ക് എറിഞ്ഞു. ആ സമയത്ത് കനത്ത മഴയായിരുന്നതിനാലും മുല്ലപ്പെരിയാറ്റിൽ നിന്ന് നദിയിലേക്ക് ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാലും ശരീരഭാഗങ്ങൾ എവിടെയും കണ്ടെത്താനാകാത്ത വിധം ഒലിച്ചുപോവുകയായിരുന്നു.
മകനെ കാണാതായതോടെ അമ്മ രാജലക്ഷ്മിയോടൊപ്പം ചേർന്ന് സംശയം തോന്നാത്ത രീതിയിൽ ബാലമുരുകനും തിരച്ചിലിൽ പങ്കാളിയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ രാജലക്ഷ്മി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോടതി ഉത്തരവ് പ്രകാരം 2026 ഏപ്രിലിലാണ് കേസ് അന്വേഷണം സി.ബി.സി.ഐ.ഡി പോലീസിന് കൈമാറുന്നത്.
സി.ബി.സി.ഐ.ഡി സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ബാലമുരുകന്റെ സുഹൃത്തായ അലക്സിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മൂന്ന് വർഷമായി ഒളിച്ചുവെച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് വലിയ കത്തികൾ തേനി-മധുര റോഡിലെ താമരൈക്കുളം ഭാഗത്തുനിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മൂന്നാം പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
