തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് കൃത്യസമയത്ത് തന്നെ നടപ്പാക്കിയതായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് വ്യക്തമാക്കി. സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്ന കാര്യം കോടതിയുടെ പരിഗണനയിലാണെന്നും, അദ്ദേഹത്തിന്റെ അഭിഭാഷകർ അത് നോക്കുമെന്നും മേയർ പറഞ്ഞു. കോടതിയിൽ നിന്ന് വരുന്ന ഉത്തരവുകൾ നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷന്റെ ദൗത്യം. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് നിലവിൽ നിയമോപദേശം തേടിയിട്ടുണ്ട്. സുഗതന്റെ അസാന്നിധ്യത്തിൽ വാഴോട്ടുകോണം വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് മേയർ എന്ന നിലയിൽ താൻ നേരിട്ട് നേതൃത്വം നൽകുമെന്നും ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
കാപ്പ ആക്ട് കേരളത്തിൽ മാത്രമുള്ളതിനാലാണ് ഇവിടെ ഇത്തരം അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്ന് വി.വി. രാജേഷ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത കേസുകൾ എല്ലാ ജനപ്രതിനിധികൾക്കുമുണ്ട്. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ശക്തമായ രാഷ്ട്രീയ വിയോജിപ്പും എതിർപ്പും ഉണ്ടാകുമെന്ന് ഉറപ്പാണെന്നും എന്നാൽ അതിന് മുന്നിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകാൻ ബിജെപി ഉദ്ദേശിക്കുന്നില്ലെന്നും മേയർ ആവർത്തിച്ചു. സുഗതന്റെ അസാന്നിധ്യം വാർഡിലെ വികസനത്തെ ബാധിക്കാതിരിക്കാൻ കോർപ്പറേഷൻ കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
