കോഴിക്കോട്: പിഎസ്‌സി പരീക്ഷകളിലെ വൻ അട്ടിമറി ആരോപണങ്ങൾ നിലവിൽ സർക്കാർ അന്വേഷിച്ചുവരികയാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷകൾ ഉൾപ്പെടെയുള്ളവ വലിയ സംശയത്തിന്റെ നിഴലിലാണെന്നും ഒട്ടനവധി നിയമനങ്ങളിൽ ഗുരുതരമായ തെറ്റുകൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അർഹരായ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരോട് ദ്രോഹം ചെയ്ത്, ക്രമവിരുദ്ധമായി സർവീസിൽ കയറിപ്പറ്റിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും മന്ത്രി അറിയിച്ചു. ഇത്രയും വലിയ തൊഴിൽ തട്ടിപ്പ് ആരോപണങ്ങൾ ഉയർന്നിട്ടും ഡിവൈഎഫ്ഐ ഒരക്ഷരം പോലും മിണ്ടാതെ നിശബ്ദത പാലിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

അതേസമയം, പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയ്ക്കുള്ള പൊതുപരീക്ഷയിൽ പത്തോളം ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ വിട്ടതായും, സുപ്രീം കോടതി നിർദ്ദേശങ്ങൾ ലംഘിച്ച് അഭിമുഖങ്ങളിൽ ചിലർക്ക് മാർക്ക് വാരിക്കോരി നൽകിയതായും പരാതിയുണ്ട്. കൂടാതെ ഹോട്ടൽ മാനേജ്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ തസ്തികകളിലെ പരീക്ഷകളിലും ക്രമക്കേട് ആരോപണമുണ്ട്. ഈ പരാതികളിൽ ഉദ്യോഗാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജൂലൈ 25-നകം അന്വേഷണ സംഘം ഡിജിപിയ്ക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറും. തുടർ പരിശോധനകൾക്ക് ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *