19ന് ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വെച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും
കൊച്ചി: ലക്ഷദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും ദീർഘനാളത്തെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ജൂലൈ 20 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു. ജൂലൈ 19 ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വെച്ച് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് ഈ സർവീസിനായി ഒരുക്കിയിരിക്കുന്നത്.
ദ്വീപുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ലക്ഷദ്വീപ് ടൂറിസ മേഖലയ്ക്ക് വൻ കുതിപ്പേകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സീ പ്ലെയിൻ പദ്ധതിക്ക് തുടക്കമിടുന്നത്. ആദ്യഘട്ടത്തിൽ കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ പ്രധാന ദ്വീപുകളായ കവരത്തി, കൽപേനി, അഗത്തി, കടമത്ത്, കിൽത്താൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ് നടത്തുക. സർവീസിന് മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണ പറക്കൽ ജൂലൈ 16 വ്യാഴാഴ്ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.
പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാനാകും. കപ്പൽ മാർഗ്ഗമുള്ള ദീർഘദൂര യാത്രകൾക്ക് പകരമായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ദ്വീപുകളിൽ എത്തിച്ചേരാനാകുമെന്നത് വിനോദസഞ്ചാരികൾക്കും ദ്വീപ് നിവാസികൾക്കും ഒരുപോലെ വലിയ ആശ്വാസമാകും. ടൂറിസത്തിന് പുറമെ, ദ്വീപുകളിൽ നിന്നുള്ള അടിയന്തര മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കും പുതിയ സീ പ്ലെയിൻ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
