കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കുന്നതിനായി മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അതോറിറ്റിയുടെ ഭാഗത്തുനിന്ന് നിയമപരമായ വലിയ വീഴ്ചയാണുണ്ടായത്.

പരിസ്ഥിതി അനുമതിയുണ്ടെന്ന ബാലിശമായ കാരണം നിരത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കുകയായിരുന്നു. ദുരന്തസാധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിച്ച് നടപടിയെടുക്കാൻ നിയമപരമായി അധികാരമുണ്ടായിട്ടും ഉദ്യോഗസ്ഥർ അതിൽ നിന്ന് ബോധപൂർവ്വം മാറിനിന്നു. ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതിയുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിനും നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിക്കും കരാർ കമ്പനിക്കും വീഴ്ചയുണ്ടായി.

പദ്ധതി നിർവ്വഹണം കൃത്യമായ നിയമങ്ങൾ പാലിച്ചാണോ നടക്കുന്നത് എന്ന് പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. കരാർ വ്യവസ്ഥകൾ പ്രകാരം നീക്കം ചെയ്യുന്ന മണ്ണ് സൂക്ഷിക്കാൻ നിശ്ചിത സ്ഥലം നിർദ്ദേശിച്ചിരുന്നെങ്കിലും, കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ഇത് പാലിച്ചില്ല. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കമ്പനിയുടെ ഭാഗത്തുനിന്ന് അതീവ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *