ന്യൂ ഡൽഹി: പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവിനും എംപിമാർക്കുമെതിരെ കഴിഞ്ഞദിവസം നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് എംപിമാർ കറുപ്പണിഞ്ഞെത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. കോൺഗ്രസിനൊപ്പം സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികളിലെ എംപിമാരും ഈ പ്രതിഷേധത്തിൽ അണിചേർന്നു.
രാജ്യത്ത് ജനാധിപത്യം ഇല്ലാതായെന്നും പ്രതിഷേധക്കാരെ സർക്കാർ അടിച്ചമർത്തുകയാണെന്നും പ്രിയങ്ക ഗാന്ധി പാർലമെന്റിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദ്യാർഥികളേയും മാധ്യമപ്രവർത്തകരെയും പോലീസ് തല്ലിച്ചതച്ചുവെന്നും, പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ പത്തരയ്ക്ക് പാർലമെന്റ് സമുച്ചയത്തിൽ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി ശക്തമായ ധർണ നടത്തി. വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതിലും, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മാർച്ചിൽ പോലീസ് വലിച്ചിഴച്ച് അതിക്രമം കാട്ടിയതിലും പ്രതിഷേധിച്ചായിരുന്നു ഈ സമരം. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച വിഷയം ഉയർത്തി പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടിരുന്നു.
