കോട്ടയം: വ്യക്തിവിരോധത്തെ തുടർന്ന് അയൽവാസിയുടെ വീടിന് തീയിട്ട യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാട് കിഴക്കേമുറി സ്വദേശി സൂരജ് വി.നായരെ (37) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ വീട്ടുടമ പത്തനാട് കുടപ്പനക്കുന്നേൽ രാധാകൃഷ്ണപിള്ളയെ (64) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂലൈ 21 ചൊവ്വാഴ്ച രാത്രി 9:45-ഓടെയായിരുന്നു സംഭവം. രാധാകൃഷ്ണപിള്ളയുടെ മകനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്ന് വീട്ടിലെത്തിയ സൂരജ് ബഹളമുണ്ടാക്കുകയായിരുന്നു. ഈ സമയം രാധാകൃഷ്ണപിള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ തിരക്കിയെത്തിയ സൂരജ് വയോധികനെ മർദ്ദിക്കുകയും തുടർന്ന് വീടിന് തീയിടുകയുമായിരുന്നു. നാട്ടുകാർ ചേർന്നാണ് രാധാകൃഷ്ണപിള്ളയെ ആശുപത്രിയിലാക്കിയതും തീയണച്ചതും. അടുക്കള ഒഴികെയുള്ള മുറികളും വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കറുകച്ചാൽ പോലീസ് സമീപത്തുനിന്നുതന്നെ പ്രതിയെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സൂരജിനെതിരെയുള്ള കാപ്പാ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *