മരിച്ചത് കോഴിക്കോട് സ്വദേശിനി

അരൂർ: ആലപ്പുഴയിൽ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ തീരദേശ റെയിൽപാതയിലാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒളവണ്ണ പള്ളിപ്പുറം പുൽപ്പറമ്പിൽ കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.

ട്രെയിനില്‍ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് അരൂരിനും തുറവൂരിനും ഇടയിൽ, എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്.

വിവരമറിഞ്ഞ് അരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇതേ സ്ഥലത്ത് നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇതെന്ന് പൊലീസ് പറയുന്നു.

രണ്ട് ദിവസം മുൻപ് മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്‌ദുൾ ഹമീദിന് (37) ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *