കോഴിക്കോട്: പൂനൂർ-കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കുണ്ടത്തിൽ റോഡിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെടുകയായിരുന്നു. എന്നാൽ സമീപവാസികളും നാട്ടുകാരും അടിയന്തിരമായി ഇടപെട്ട് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

അതേസമയം, വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *