പിളര്‍പ്പിന്റെ സൂചനയില്‍ ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി. സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. ശ്രേയാംസ് കുമാറുമായി യോജിച്ചു പോകാനാവില്ലെന്നും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവര്‍ ഇന്ന് സംസ്ഥാന ഭാരവാഹി യോഗം ചേരും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.

അതേസമയം, നേതാക്കളോട് ഒന്നിച്ചുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രശ്‌നത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തര്‍ക്കം കൂടുതല്‍ രൂക്ഷമായാല്‍ മാത്രമേ നേതൃതലത്തിലുള്ള ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു.

ജെ.ഡി.എസുമായി സഖ്യം ചേരാന്‍ എല്‍.ജെ.ഡിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. എല്‍.ജെ.ഡിയുക്കുള്ളിലെ തര്‍ക്കവും ജെ.ഡി.എസുമായി സഖ്യം ചേരാന്‍ തയ്യാറാവാതിരുന്നതുമാണ് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണമെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *