തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ പിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മൃതദേഹം കണ്ണൂരില്‍ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലായിരുന്നു. ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റികുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്മോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *