എറണാകുളം: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം തള്ളി. ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ രണ്ടും, മൂന്നും പ്രതികൾക്ക് അനുവാദം നൽകി.
അനധികൃതമായി മുറിച്ചുകടത്തിയ മരത്തിന് വനംവകുപ്പിന്റെ പെർമിറ്റ് ഉണ്ടെന്ന് കാട്ടി വിറ്റെന്ന വഞ്ചന കേസിലാണ് അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ല എന്ന പ്രതികളുടെ വാദം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി തള്ളി.വഞ്ചന കേസ് പരിഗണിക്കാൻ വിചാരണ കോടതിക്ക് അധികാരമുണ്ട്.ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനും കോടതി നിർദ്ദേശിച്ചു. ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ട് ഹാജരാകണം. രണ്ടും, മൂന്നും പ്രതികളായ ജോസുകുട്ടി അഗസ്റ്റിനും ആൻ്റോ അഗസ്റ്റിനും വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാനും കോടതി അനുവാദം നൽകി.
മുട്ടിൽ മരം മുറി കേസിൽ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ ചോറ്റാനിക്കര കോടതിയിൽ ഹാജരായ ഒന്നാം പ്രതി റോജി അഗസ്റ്റിന് രൂക്ഷമായ വിമർശനവും കേൾക്കേണ്ടിവന്നു. 1.4 കോടി രൂപ വാങ്ങി വനവകുപ്പിന്റെ പെർമിറ്റില്ലാത്ത മരം നൽകി വഞ്ചിച്ചു എന്ന് കാണിച്ച് കരിമുകൾ മലബാർ ടിമ്പർ ഉടമ എം എം അലിയാർ അമ്പലമേട് പോലീസിൽ നൽകിയ പരാതിയിലാണ് ചോറ്റാനിക്കര കോടതിയിൽ കേസ് നടക്കുന്നത്.
