ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ ലണ്ടനിലിലുള്ള അദ്ദേഹം അമേരിക്കൻ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ തടസ്സം. ഈ സാഹചര്യത്തിൽ അമേരിക്കൻ സന്ദർശനം റദ്ദാക്കിയ മുഖ്യമന്ത്രി ഓഗസ്റ്റ് 23-ന് ഹൈദരാബാദിൽ തിരിച്ചെത്തും.

ലണ്ടൻ സന്ദർശനത്തിന് ശേഷം ബോസ്റ്റണിലേക്ക് തിരിച്ച് ഈ മാസം 30-ന് മടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. ‘തെലങ്കാന റൈസിങ്’ പരിപാടിയുടെ ഭാഗമായാണ് ബ്രിട്ടൻ, അമേരിക്ക സന്ദർശനങ്ങൾ നിശ്ചയിച്ചിരുന്നത്. ഇതിനായി സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും ബ്രിട്ടൻ സന്ദർശനത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. സംഘം ലണ്ടനിൽ എത്തിയ ശേഷമാണ് അമേരിക്കൻ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ച വിവരം അറിഞ്ഞതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദേശത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെലങ്കാനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം ആസൂത്രണം ചെയ്തിരുന്നത്. രാഷ്ട്രീയ കാരണങ്ങളാലാണ് അനുമതി നിഷേധിച്ചതെന്ന് സർക്കാർ കുറ്റപ്പെടുത്തി. എങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മറ്റ് സർക്കാർ പ്രതിനിധികൾ അമേരിക്കയിലെത്തി ഔദ്യോഗിക കരാറുകളിൽ ഒപ്പുവെക്കുമെന്ന് ഓഫീസ് അറിയിച്ചു. ലണ്ടനിലെ നിശ്ചയിച്ച പരിപാടികൾ പൂർത്തിയാക്കിയ ശേഷമാകും മുഖ്യമന്ത്രി ഹൈദരാബാദിലേക്ക് മടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *