തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 23 മുതൽ 25 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി 23-ാം തീയതി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് 24-ാം തീയതി തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും സാഹചര്യം വിലയിരുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം. ശക്തമായ കാറ്റിൽ അപകട സാധ്യതയുള്ളതിനാൽ മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ കഴിയുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കായി അധികൃതർ കർശന നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങളും പോസ്റ്റുകളും സുരക്ഷിതമാക്കേണ്ടതും, അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതുമാണ്. ജലാശയങ്ങളിലും നദികളിലും കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കുമുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൂർണ്ണമായും ഒഴിവാക്കണം. തീരദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ മുൻകൂട്ടി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ തങ്ങളുടെ പ്രദേശത്തെ ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അവിടേക്കുള്ള സുരക്ഷിതമായ വഴികളും മുൻകൂട്ടി മനസ്സിലാക്കി വെക്കേണ്ടതാണ്. അത്യാഹിത ഘട്ടങ്ങളിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും ഓർമ്മിപ്പിക്കുന്നു.
