കാസർഗോഡ്: കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് റെയിൽവേ പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാനുള്ള ബിജെപി തീരുമാനമെന്ന ആരോപണവുമായി കോൺഗ്രസ് എംപിമാർ. തീരുമാനത്തിൽ പ്രതിഷേധിച്ച് തിരുവോണദിനത്തിൽ റെയിൽവേ പാലക്കാട്‌ ഡിവിഷൻ ഓഫീസിന് മുന്നിൽ UDF എംപിമാർ നിരാഹാര സമരം നടത്തുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും പറഞ്ഞു.

കർണാടക ബിജെപിയുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ തീരുമാനം കേരളത്തോടുള്ള അവഗണനയാണെന്നും അപമാനിക്കൽ ആണെന്നും ഈ തീരുമാനം ഒരിക്കലും അനുവദിക്കാൻ സാധിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വ്യക്തമാക്കി.

കേന്ദ്ര തീരുമാനം നിഗൂഢവും ദുരുപതിഷ്ടവുമാണ്. ആരോടും ഒന്നും പറയാതെയാണ് തീരുമാനം എടുത്തിട്ടുള്ളത്. മൺസൂൺ സെഷൻ സമയത്ത് റയിൽവേ മന്ത്രിയെ പല തവണ കണ്ടപ്പോഴും ഇത് സംബന്ധിച്ച് സൂചന ഇല്ല. ഡിവിഷൻ വിഭജനം അറിഞില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മന്ത്രി അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ഈ പണിക്ക് കൊള്ളാത്തവൻ ആണ് എന്നാണ് അർത്ഥം. സമസ്ത മേഖലയിലും അവഗണന തുടരുകയാണ്. കാലക്രമേണ പാലക്കാട്‌ ഡിവിഷൻ ഇല്ലാതാകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. കാസർഗോഡ് റെയിൽവേ ഭൂപടത്തിൽ ഇല്ലാതാകുന്ന സാഹചര്യം. ഈ അവഗണനയ്‌ക്കെതിരെ എം പി മാർ തിരുവോണ ദിവസം രാവിലെ 9മുതൽ വൈകിട്ട് 6 വരെ നിരാഹാരം സംഘടിപ്പിക്കും. അതിൽ തീരുമാനം ഇല്ലെങ്കിൽ മറ്റു സമരങ്ങൾ നടത്തും. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച്‌ ഉൾപ്പെടെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയെ സഹായിക്കുന്ന രാഷ്ട്രീയ തീരുമാനം എടുത്തത്. വരുമാനം ഇല്ലാതെ പാലക്കാട്‌ ഡിവിഷന് മുന്നോട്ട് പോകാൻ കഴിയില്ല. ഇതൊരു ജീവൻ മരണ പോരാട്ടം ആണ്. മലബാറിന്റെ റെയിൽവേ വികസനം എന്നന്നേക്കുമായി മുരടിക്കുന്ന സാഹചര്യം ആണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *