കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള സമിതിയാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ഗുരുതര ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു അഞ്ജുവിന്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് ജനനം നടന്ന് രണ്ടാം ദിവസം തന്നെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും, ഫലം വന്നപ്പോൾ നോർമലാണെന്നാണ് ആശുപത്രി അധികാരികളുടെ മറുപടി ലഭിച്ചത്. എന്നാൽ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നും പിന്നീട് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
തുടർന്നുള്ള നാളുകളിൽ കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ പ്രയാസമുണ്ടാവുകയും ചില സമയങ്ങളിൽ കഠിനമായ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെടുകയും ചെയ്തിരുന്നു. എൻ.ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴാണ് തങ്ങൾക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും ചികിത്സാപിഴവാണ് ഇതിന് കാരണമെന്നും കുടുംബം ശക്തമായി ആരോപിക്കുന്നു.
