ന്യൂ ഡൽഹി: തന്റെ ചിത്രങ്ങളും ശബ്ദവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി സൈബർ തട്ടിപ്പ് നടത്തുന്നതായി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. വ്യാജ നിക്ഷേപ വാഗ്ദാനങ്ങളുമായി വാട്സ് ആപ്പ് , ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന തട്ടിപ്പ് വീഡിയോകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രിയങ്കയുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പ്രിയങ്കയുടെ ഓഫീസ് അധികൃതർ ജാഗ്രതാ നിർദ്ദേശം പങ്കുവെച്ചത്. വ്യാജ വീഡിയോകള്‍ കണ്ട് ആരും ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ പണം നിക്ഷേപിക്കുകയോ ചെയ്യരുതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വഞ്ചനാപരമായ പോസ്റ്റുകള്‍ കാണുന്നപക്ഷം അവ ഉടൻ റിപ്പോര്‍ട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും പൊതുജനങ്ങളോട് ഓഫീസ് അഭ്യർത്ഥിച്ചു. എഐ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പ്രമുഖരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.
