സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷം. ഇന്ത്യൻ ഇടതുപക്ഷം പ്രതിസന്ധികളിൽ ഉലയുമ്പോൾ സിപിഐഎമ്മിനെ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. സംഘർഷഭരിതമായ വിദ്യാർഥി രാഷ്ട്രീയ ജീവിതം മാത്രം കൈമുതലാക്കിയാണ് ആ ചെറുപ്പക്കാരൻ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് നടന്നെത്തിയത്.

അടിയന്തരാവസ്ഥ കാലത്താണ് സീതാറാം യെച്ചൂരി ജെഎൻയുവിൽ വിദ്യാർഥിയായി എത്തുന്നത്. 1974ൽ തീക്ഷ്ണമായ യൗവനത്തിൽ യെച്ചൂരി എസ്എഫ്ഐ അംഗമായി. രാജ്യത്തെമ്പാടും നടന്ന സമരങ്ങൾ ഇന്ദിര ഗാന്ധിക്കെതിരാണ്, ജെഎൻയുവിലും അങ്ങനെ തന്നെ. ജെഎൻയുവിന്റെ അന്നത്തെ ചാൻസലർകൂടിയായിരുന്നു ഇന്ദിര ഗാന്ധി.

1977ൽ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം നടന്നു. പുറത്തു വന്ന ഇന്ദിര ഗാന്ധിയുടെ മുന്നിൽ വച്ച് തങ്ങൾ തയ്യാറാക്കിയ പ്രമേയം യെച്ചൂരി വായിച്ചുകേൾപ്പിച്ചു. ദിവസങ്ങൾക്കുള്ളിൽ ഇന്ദിര ഗാന്ധി ചാൻസലർ സ്ഥാനത്ത് നിന്നും രാജിവച്ചു.

1977-78 കാലയളവിൽ തുടർച്ചയായി മൂന്നു തവണ യെച്ചൂരി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1975ൽ സിപിഎം അംഗത്വത്തിലേക്ക്. 1988 ൽ നടന്ന 13 ാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടറിയേറ്റിൽ. 1992ൽ പോളിറ്ബ്യുറോ അംഗമായി. ഒടുവിൽ 2015ൽ പാർട്ടി സെക്രട്ടറിയായി. 9 വർഷക്കാലം പാർട്ടി അഖിലേന്ത്യ സെക്രട്ടറിയായി തുടർന്നു. രാഷ്ട്രീയത്തിൽ നിന്ന് ഒരു റിട്ടയർമെന്റ് ആഗ്രഹിക്കാത്ത നേതാവായിരുന്നു യെച്ചൂരി. “റിട്ടയർ ചെയ്തിട്ട് ഞാൻ എന്തുചെയ്യും?” എന്ന ചോദ്യമാണ് അതിനുള്ള വിശദീകരണം. ജീവിതം അടിമുടി പാർട്ടിയായി മാറിയ യെച്ചൂരി അവസാനനിമിഷം വരെ രാഷ്ട്രീയം ശ്വസിച്ചാണ് ജീവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *