പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തീയറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസ് എടുത്തു. തിയറ്ററുകളില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേസ്. പോപ്‌കോണ്‍, കോഫി എന്നിവയുടെ അളവില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മീഡിയം സ്മാള്‍ വിഭാഗങ്ങളിലായായിരുന്നു പോപ്‌കോണ്‍ വില്പനയ്ക്ക് വെച്ചിരുന്നത്.
ഇതില്‍ മീഡിയത്തില്‍ 70 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ തൂക്കം നോക്കിയപ്പോള്‍ 51 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. സ്‌മോള്‍ വിഭാഗത്തില്‍ 55 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ 41ഗ്രാം പോപ്‌കോണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. കോഫി 180 മില്ലി എന്ന് രേഖപ്പെടുത്തിയിരുന്നിടന്ന് ഉണ്ടായിരുന്നത് 105 മില്ലി മാത്രമായിരുന്നു. ലീഗല്‍ മെട്രോളജി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു. ഭക്ഷണത്തില്‍ അളവ് കൃത്യമായിരുന്നെങ്കിലും വില നിലവാര ബോര്‍ഡ് സ്ഥാപിക്കാത്തതിന് ട്രിനിറ്റി തിയറ്ററിന് നോട്ടീസും നല്‍കി.
തിയറ്റര്‍ ഉടമ ഭക്ഷ്യ വില്‍പ്പന, കരാറുകാരനെ ഏല്‍പ്പിച്ചിരുന്നതായി ലീഗല്‍ മെട്രോളജി വിഭാഗം പറയുന്നു. ലീഗല്‍ മെട്രോളജി വിഭാഗവും സിവില്‍ സപ്ലൈസും സംയുക്തമായാണ് പത്തനംതിട്ടയിലെ തിയറ്ററുകളില്‍ പരിശോധന നടത്തിയത്. ആദ്യം ഉദ്യോഗസ്ഥര്‍ സിനിമ കാണാന്‍ എന്ന രീതിയില്‍ തന്നെ ആളുകളോടൊപ്പം രഹസ്യമായി തിയറ്ററില്‍ കയറുകയായിരുന്നു. പിന്നാലെ പുറത്തിറങ്ങി ഭക്ഷണ പാദാര്‍ത്ഥങ്ങള്‍ വാങ്ങി.
പിന്നാലെയാണ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ തീയറ്റര്‍ കോംബ്ലക്‌സിനുള്ളിലേക്ക് ഔദ്യോഗിക വാഹനത്തില്‍ എത്തുന്നത്. തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. പോപ്‌കോണും കോഫിയുമാണ് പ്രധാനമായും പരിശോധിച്ചിരുന്നത്.
