അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ തലവൻ ഒസാമ ബിൻ ലാദൻ ആക്രമണങ്ങൾക്കായി ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) പരസ്യപ്പെടുത്തിയ അതീവ രഹസ്യ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.

1998 മുതൽ 2001 വരെയുള്ള കാലയളവിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യൂ. ബുഷ് എന്നിവർക്ക് സി.ഐ.എ കൈമാറിയ എഴുപതോളം ഇന്റലിജൻസ് ബ്രീഫുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 1998 ഓഗസ്റ്റ് 28-ലെ റിപ്പോർട്ടിൽ ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും ബിൻ ലാദന്റെ ലക്ഷ്യങ്ങളായിരുന്നു എന്ന് വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിൽ എവിടെ, എപ്പോഴാണ് ആക്രമണം പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല.

അഫ്ഗാനിസ്ഥാനിലെ ആക്രമണങ്ങൾക്ക് ശേഷവും അൽ-ഖായിദയുടെ ആശയവിനിമയ ശൃംഖല തകർന്നിട്ടില്ലെന്നും, വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും അവർ ശൃംഖല വ്യാപിപ്പിച്ചിരുന്നുവെന്നും സി.ഐ.എ നൽകിയ മുന്നറിയിപ്പുകളിൽ പറയുന്നു.

അമേരിക്കയിൽ ഭീകരാക്രമണത്തിന് വൻ സാധ്യതയുണ്ടെന്ന് സി.ഐ.എ മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന നൂറിലേറെ പേജുകളുള്ള ഈ ഔദ്യോഗിക രേഖകൾ.

Leave a Reply

Your email address will not be published. Required fields are marked *