കോഴിക്കോട് : കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിന് നൽകിയ സംഭാവന വിസ്മരിക്കാനാവില്ലെന്നും സംസ്ഥാനത്തെ നേട്ടങ്ങളിലേക്ക് നയിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സിപിഐഎം വിരുദ്ധ വ്യാജ പ്രതീതി നിർമാണം വേണ്ടത്ര ശ്രദ്ധിച്ചോ എന്ന് പരിശോധിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോരായ്മ എല്ലാം തിരിച്ചറിഞ്ഞ മുന്നോട്ട് പോകേണ്ടതുണ്ടെന്നും എം.എ. ബേബി സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പാർട്ടിയുടെ നേട്ടങ്ങളും പോരായ്മകളും ജാഗ്രത കാട്ടേണ്ട മേഖലകളും ഊന്നിപ്പറഞ്ഞായിരുന്നു സിപിഐ എം വിപുലീകൃത സംസ്ഥാന സമിതിയിൽ എം.എ.ബേബിയുടെ ഉദ്ഘാടന പ്രസംഗം. മാധ്യമങ്ങൾക്ക് മനോരോഗം ബാധിച്ച പോലെ മാർക്സിസ്റ്റ് വിരുദ്ധത എന്നും അദ്ദേഹം വിമർശിച്ചു.
സിപിഐ എമ്മിന്റെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൂടുതൽ വ്യക്തമായ ദിശാബോധവും തെളിമയുമേകാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് യോഗത്തിലുണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാനും ജനസ്വാധീനം വിപുലമാക്കാനുമുള്ള കർമപദ്ധതികൾ ആവിഷ്‌കരിക്കും.
മൂന്നുനാൾ നീളുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 പേരാണ്‌പങ്കെടുക്കുന്നത്.
സമാപനംകുറിച്ച് ലക്ഷം പേർ അണിനിരക്കുന്ന റാലി ചൊവ്വാഴ്‌ച നടക്കും. വൈകിട്ട് നാലിന് കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ റാലിയിൽ ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.
