കോഴിക്കോട് നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യംഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്ത് ആര്‍ക്കും കോളറ ലക്ഷണങ്ങളില്ല. കോളറ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു. നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തിലാണ് കിണറുകളിലെ വെള്ളം പരിശോധനക്കായി അയച്ചത്. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.ഒരാഴ്ച മുമ്പായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചത്. ഭക്ഷണം കഴിച്ച രണ്ടരവയസുകാരൻ അടക്കം 11 കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. തുടര്‍ന്ന് കാക്കൂര്‍, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ വെള്ളമാണ് പരിശോധിച്ചത്. കുട്ടി മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലുള്ള ആര്‍ക്കും കോളറ ബാധ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം ചികിത്സ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. പെരുമണ്ണയിലെ ഒരു ഹോസ്റ്റലിലും അടുത്തിടെ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് സമീപത്തുള്ള കിണറിലെ വെള്ളത്തിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചത്. സൂപ്പര്‍ ക്ലോറിനേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *