തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്ഇബി ഡാൻസ് വിഡിയോ നീക്കി മെറ്റ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ല. വിഡിയോ പങ്കുവച്ച ‘എ.ഐകവല’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വിഡിയോ നിയന്ത്രിച്ച വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. ഇതുവരെ 1.78 കോടി പേരാണ് ഈ അക്കൗണ്ടിലൂടെ മാത്രം വിഡിയോ കണ്ടത്.
മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ഇബി ജീവനക്കാരും ഒന്നിച്ച് ഡാൻസ് കളിക്കുന്ന എഐ നിർമിത വിഡിയോയായിരുന്നു അത്. വിഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ വിഡിയോയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നു എന്നും വിഡിയോ കണ്ട് ഞെട്ടിപ്പോയി എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, വിഡിയോ എന്തുകൊണ്ട് നീക്കി എന്നതിനെ പറ്റി മെറ്റ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. മെറ്റയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ വിഡിയോ റിമൂവ് ചെയ്യാൻ സാധിക്കും. വിഡിയോയിൽ കാണിച്ചിരിക്കുന്ന ആരെങ്കിലും മോർഫ്ഡ് കണ്ടൻറാണെന്ന് മെറ്റയ്ക്ക് പരാതി നൽകിയാലോ ഇൻസ്റ്റഗ്രാമിൻറെ സ്വന്തം എഐ പോളിസി പ്രകാരമോ വിഡിയോ നീക്കം ചെയ്യാമെന്ന് നിയമകാര്യങ്ങളിൽ വിഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസറായ നവനീത് ലോയർബ്രോ ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു.
സർക്കാർ നോട്ടീസ് പ്രകാരമോ കോടതി വിധിയുടെ അടിസ്ഥാനത്തിലോ നിയന്തിക്കാം. വിഡിയോയിൽ ഉപയോഗിച്ച പാട്ടുമായി ബനധപ്പെട്ട് കോപ്പിറൈറ്റ് പരാതിയുടെ അടിസ്ഥാനത്തിലോ വിഡിയോ നിയന്തിക്കാൻ മെറ്റയ്ക്ക് സാധിക്കുമെന്നും നവനീത് പറയുന്നു. എന്നാൽ വിഡിയോ നീക്കം ചെയ്തതു കൊണ്ടു ഇത് നിയമവിരുദ്ധമാകില്ലെന്നും ഇതൊരു രാഷ്ട്രീയ ആപേക്ഷഹാസ്യ വിഡിയോ മാത്രമാണെന്നും നവനീത് വിഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു പ്രസംഗത്തിൽ ഈ വീഡിയോയെ പറ്റി സൂചിപ്പിച്ച മുഖ്യമന്ത്രി, “മോഹൻലാലിനെയും തമിഴ് നടൻ വിജയിയേക്കാളും നന്നായി ഞാൻ ഡാൻസ് ചെയ്യുന്ന വീഡിയോ” എന്നാണ് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി വീഡിയോ അംഗീകരിച്ചതിൽ എഐ കവലയും സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ മെറ്റ ഈ വീഡിയോ നീക്കം ചെയ്യുകയായിരുന്നു.
