തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ഹാജരാകില്ലെന്ന നിലപാടിലുറച്ച് പി.എസ്.സി. അന്വേഷണ സംഘം നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് കമ്മീഷന്റെ തീരുമാനം. തങ്ങളുടെ അംഗങ്ങളെ കുറ്റക്കാരാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് ഇന്നത്തെ പി.എസ്.സി കമ്മീഷൻ യോഗത്തിൽ കടുത്ത വിമർശനമുയർന്നു.

നാല് പി.എസ്.സി അംഗങ്ങളോടാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താൻ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അംഗങ്ങളെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് പി.എസ്.സിയുടെ വാദം. അതിനാൽ പി.എസ്.സി ആസ്ഥാനത്തെത്തി മൊഴിയെടുക്കാമെന്ന് കമ്മീഷൻ അറിയിച്ചെങ്കിലും, ചോദ്യം ചെയ്യൽ കേന്ദ്രം തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

ചൊവ്വാഴ്ച ചേരുന്ന പ്രതിവാര കമ്മീഷൻ യോഗം നോട്ടീസ് സംബന്ധിച്ച് വീണ്ടും ചർച്ച നടത്തും. അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. വിവാദ തസ്തികയിലേക്കുള്ള അഭിമുഖ ബോർഡിലുണ്ടായിരുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കാണ് നിലവിൽ നോട്ടീസ് ലഭിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *