കോഴിക്കോട്: പരാജയത്തിൽ നിന്നുള്ള തിരിച്ചുവരവിന് അടുമുടി മാറ്റം നിർദേശിച്ച് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം. അവലോകന റിപ്പോർട്ടിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന സമിതി ചേർന്ന് മറുപടി തയാറാക്കും. തിരുത്തൽ നടത്തി പാർട്ടിയെ കരുത്തോടെ നയിക്കാം എന്നതാണ് വിശാല സംസ്ഥാന സമിതിയുടെ ഉത്തരവാദിത്തം. തിരുത്തൽ വരുത്തി എങ്ങനെ കരുത്തോടെ മുന്നോട്ട് നയിക്കാം എന്ന കാര്യമാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
മാധ്യമ രംഗത്തെ വലതുപക്ഷവൽക്കരണത്തെ ചെറുക്കണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ചിലർ തെറ്റായ വാർത്ത പ്രചരിപ്പിച്ച് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നു. ചർച്ചകളിൽ വിമർശനം ഉണ്ടന്നാണ് മാധ്യമങ്ങൾ അത്ഭുതം പോലെ പറയുന്നത്. അപവാദം കണക്കേ അത് പ്രചരിപ്പിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന വിപുലീകൃത സമിതിയിൽ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നിയമനത്തിന് എതിരായ പ്രതിരോധം തീർക്കാൻ നിർദേശങ്ങൾ വന്നു. കേന്ദ്ര നയങ്ങൾ അതേപടി തുടരുന്ന സംസ്ഥാന സർക്കാരിന് എതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന് ആവശ്യം ഉയർന്നു. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം എന്ന നിർദേശവും ഉയർന്നുവന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഉത്സവങ്ങളും എല്ലാവരുടെതുമാക്കി മാറ്റാൻ ബോധ പൂർവമായ ഇടപെടൽ വേണം എന്ന നിർദ്ദേശവും വന്നു. ആരാധനാലയങ്ങൾ വർഗീയവാദികളുടെ വേദിയായി മാറരുത് അതിനാണ് സിപിഎം ഇടപെടുന്നത്. ക്ഷേത്രങ്ങളിൽ ശാഖ നടത്താറുണ്ട്. അത് പാടില്ല. വിശ്വാസികൾ എല്ലാം വർഗീയവാദികൾ അല്ല. വർഗീയവാദികൾ വിശ്വാസികളുമല്ല. വിശ്വാസികളെ ഒഴിവാക്കി വർഗീയതയ്ക്കെതിരെ പൊരുതാൻ കഴിയില്ല. വിശ്വാസികളെ കൂടെച്ചേർത്തേ വർഗീയതക്കെതിരെ പൊരുതാൻ കഴിയൂവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
