കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുറ്റാരോപിതരെ പോലീസ് കസ്റ്റഡിയിൽ വിട്ട നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം. തെളിവെടുപ്പിനായി നിയന്ത്രിതമായി പോലീസ് കസ്റ്റഡിയിൽ വിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവാണ് ഹൈക്കോടതി ശരിവെച്ചത്.
ഓഗസ്റ്റ് 16ന് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കുറ്റാരോപിതരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി 13 നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് കസ്റ്റഡി അനുവദിച്ചതെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വിലയിരുത്തി. ബോർഡിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പ്രായപൂർത്തിയാകാത്ത മൂന്ന് കുറ്റാരോപിതർ സമർപ്പിച്ച ഹർജിയും കോടതി തള്ളി.
16നും 18നും ഇടയിൽ പ്രായമുള്ളവർ ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അവരുടെ ശാരീരികവും മാനസികവുമായ അവസ്ഥ പരിശോധിക്കുന്നതിനടക്കം ബാലാവകാശ നിയമത്തിലെ 15-ാം വകുപ്പ് അനുവദിക്കുന്ന കാര്യവും ഹൈക്കോടതി പരിഗണിച്ചു. അതിനാൽ തെളിവെടുപ്പിനായി നിയന്ത്രിതമായ പോലീസ് കസ്റ്റഡി അനുവദിച്ചതിൽ നിയമപരമായ തെറ്റില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
കുറ്റാരോപിതരുടെ പ്രായവും ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും പരിഗണിച്ചാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് നിബന്ധനകളോടെ കസ്റ്റഡി അനുവദിച്ചത്. ഈ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
