വിമാനത്തിൽ പറന്നിറങ്ങി ട്രെയിനിൽ മുൻകൂട്ടി എത്തിച്ച ബൈക്കുകളിൽ കറങ്ങി കവർച്ച നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാക്കളുടെ സംഘം പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ ആറ് യുവാക്കളെയാണ് തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലൂടെ പിടികൂടിയത്. തൃശ്ശൂരിൽ മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനിയായ ബാഗ്പെറ്റ് സ്വദേശി റിഹാൻ (20) പിടിയിലായതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി കേന്ദ്രീകരിച്ച് തങ്ങുകയായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് വലവീശി. കളമശ്ശേരിയിലെ ലോഡ്ജിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സെയ്ഫുള്ള (31), മുഹമ്മദ് ഫർമാൻ അൻസാരി (22), സുഹൈൽ (22), ഷക്കീബ് (21), റിഹാൻ ഖാൻ (22) എന്നിവർ പിടിയിലായത്.
നിർമാണം നടക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളുള്ള വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ആർക്കും യാതൊരു സംശയവും തോന്നാത്ത വിധം നിർമാണത്തൊഴിലാളികളുടെ വസ്ത്രങ്ങൾ ധരിച്ചായിരുന്നു കവർച്ചകൾ. പ്രതികൾ താമസിച്ചിരുന്ന മുറിയിൽനിന്ന് കേബിൾ കട്ടറുകൾ, വിവിധ താക്കോലുകൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, പണം, തിരിച്ചറിയൽ രേഖകൾ, ട്രെയിൻ-വിമാന ടിക്കറ്റുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കളമശ്ശേരിയിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ പോലീസിനെ വിവരം അറിയിക്കുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെക്കൂടി അവിടെനിന്ന് പിടികൂടുകയും ചെയ്തു. പിടിയിലായ ചില പ്രതികൾക്കെതിരേ മുൻപും സമാന രീതിയിലുള്ള മോഷണക്കേസുകൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
