തിരുവനന്തപുരം : കോട്ടയത്തെ ആകാശപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും , ഗതാഗത മന്ത്രി സി.പി.ജോണും പങ്കെടുക്കുന്ന ഉന്നതതലയോഗം സെപ്റ്റംബര്‍ 23 ന് മൂന്ന് മണിക്ക് നിയമസഭാ കോംപ്ലക്സില്‍ വച്ചു നടക്കും. യോഗത്തില്‍ ഗതാഗത വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആകാശപ്പാത സംബന്ധിച്ച നാലാമത്തെ യോഗമാണ് ഇന്ന് നടക്കുന്നത്.
സ്പീക്കറുടെ അഭ്യര്‍ത്ഥനപ്രകാരം പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗം പുതുക്കിയ രൂപരേഖ തയ്യാറാക്കിയിരുന്നു. മൂന്നുഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടമായി ആകാശപ്പാതയുടെ റൗണ്ടിന്റെ നിര്‍മ്മാണവും രണ്ടാം ഘട്ടമായി തിരുനക്കര മൈതാനം – ബസ് സ്റ്റാന്റ് വഴി റോഡ് ക്രോസ് ചെയ്ത് മുന്‍സിപ്പല്‍ ബില്‍ഡിംഗ് വഴി റൗണ്ടില്‍ എത്തി ബേക്കറി ജംഗ്ഷന്‍ വരെ പാത പോകുന്ന രീതിയിലാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. അതനുസരിച്ച് മുനിസിപ്പല്‍ ബില്‍ഡിംഗിനു സമീപമുള്ള ഓപ്പണ്‍ സ്പേസിനടുത്തും സി. എസ്. ഐ കോംപ്ലക്സ് ഭാഗത്തും സ്റ്റെയര്‍കേസും ലിഫ്റ്റും ഉണ്ടാകും. മൂന്നു മാര്‍ഗ്ഗങ്ങളിലൂടെ ആകാശപ്പാതയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. രണ്ട് ഘട്ടങ്ങളുടെ നിര്‍മ്മാണം ഒരുമിച്ചു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പതിനെട്ട് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *