ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ്വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് യാത്രക്കാർക്ക് ദാരുണാന്ത്യം. സെപ്റ്റംബർ 23 ബുധനാഴ്ച രാത്രി 35 യാത്രക്കാരുമായി നോയിഡയിൽ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന ബസിലാണ് ദാരുണമായ അപകടമുണ്ടായത്. ബസിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എ.സി പൊട്ടിത്തെറിച്ചതിനെ തുടർന്ന് എൻജിന്റെ ലൂബ്രിക്കേഷൻ ഓയിലിലേക്ക് തീ അതിവേഗം പടരുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. പെട്ടെന്ന് തീ ആളിപ്പടർന്നതോടെ പലരും ബസിന്റെ ജനാലകൾ വഴി പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും ജെവാർ പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
