തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ചില മരുന്നുകളുടെ അവൈലബിലിറ്റി കുറവാണ്. 18 ഐറ്റം കുറവുണ്ട്. കുറവുള്ള 18 ഇനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ വിമര്‍ശനത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. 2500 രൂപ കടമുണ്ടാക്കി വച്ചവരാണ് ഞങ്ങളെ വിമര്‍ശിക്കുന്നത്. മരുന്നുകള്‍ക്ക് കൊടുക്കാന്‍ കാശ് വേണ്ടേ. സാധാരണക്കാരന് കിട്ടാത്ത ഏതെങ്കിലും മരുന്നുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞാല്‍ മതി, ഞാന്‍ അതിന്റെ ഏര്‍പ്പാട് ഉണ്ടാക്കാം. 18 ഐറ്റം മരുന്നുകളുടെ ഷോര്‍ട്ടേജ് ഉണ്ട്. ആ ഷോര്‍ട്ടേജ് പരിഹരിക്കും. അതിനുള്ള നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് ഏതൊക്കെ മരുന്നാണ് ഇല്ലാത്തത് എന്ന് എന്നോട് പറ, പരിഹരിക്കാം – മുരളീധരന്‍ പറഞ്ഞു.

ചില മരുന്ന് കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി വലിയ അഴിമതി കാണിച്ച മരുന്ന് കമ്പനിക്കാര്‍ ഉണ്ട്. ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും മരുന്ന് കമ്പനിക്കാരും തമ്മില്‍ പാമ്പന്‍ പാലത്തേക്കാള്‍ ദൃഢമായ ബന്ധമുണ്ട്. ഞാന്‍ ഈ ചെയറില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെയുള്ള തട്ടിപ്പുകള്‍ അനുവദിക്കില്ല. ഈ മരുന്നുകമ്പനിക്കാരാണ്് മരുന്ന് ക്ഷാമം എന്ന് പ്രചാരണം നടത്തുന്നത്. അവരുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല – അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് നന്നാക്കിയിട്ടേ താന്‍ ഇറങ്ങൂവെന്നും അദ്ദേഹം പറഞ്ഞു.

കെ എം എസ് സി എല്‍ തലപ്പത്ത് ആളില്ലാത്തതിനെ കുറിച്ചും പ്രതികരിച്ചു. ആളെ വെച്ചിരുന്നു. അദ്ദേഹം ചുമതല ഏറ്റെടുത്തില്ല. ഉചിതമായ ആളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *