കോഴിക്കോട്: വെള്ളയിൽ ബിജി റോഡിന് സമീപം അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീക്ക് നേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്ക് (59) നേരെ വെടിയുതിർത്തത്. വയറിന് വെടിയേറ്റ പുഷ്പലതയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു.

വീടിന് മുൻവശത്ത് കുതിരലായം കെട്ടി കുതിരകളെ വളർത്തിവരുന്നതുമായി ബന്ധപ്പെട്ട് ഷിംജിത്തും പുഷ്പലതയും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഞായറാഴ്ച്ച (ഒക്ടോബർ 4) രാവിലെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഷിംജിത്ത് കൈവശമുണ്ടായിരുന്ന എയർപിസ്റ്റൾ ഉപയോഗിച്ച് പുഷ്പലതയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ഇയാൾ മറ്റ് അയൽവാസികളുമായും നിരന്തരം തർക്കങ്ങളിൽ ഏർപ്പെടാറുണ്ടെന്ന് പരാതിയുണ്ട്. പ്രതിക്ക് എയർപിസ്റ്റൾ എവിടെനിന്നാണ് ലഭിച്ചതെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *