റിയാദ്: വ്യവസായ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത വിഹിതമായ (CSR) ഫണ്ടിന്റെ പ്രധാനഭാഗം വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് ഡൽഹിയിലെ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (HRDF) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
റിയാദിൽ നടക്കുന്ന ഗ്ലോബൽ CSR ഫോറത്തിൽ പങ്കെടുക്കുന്ന അദ്ദേഹം പ്രമുഖ അറേബ്യൻ ചാനലായ MBC-ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഓരോ വർഷവും ബില്യൺ കണക്കിന് ഡോളർ CSR ഫണ്ടായി ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ വലിയൊരു ഭാഗവും താൽക്കാലിക ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഫണ്ട് ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തിന് കൂടുതൽ പ്രയോജനകരമാകുമെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും നിർധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുകയും വേണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി HRDF പ്രധാനമായും ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
3,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ CSR ഫോറം സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമദ് ബിൻ സുലൈമാൻ അൽ റാജിഹി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന ഉത്തരവാദിത്ത വിഹിതം ചെലവഴിക്കുന്നതിൽ സൗദി അറേബ്യയുടെ ആഗോള സ്ഥാനം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 41-ൽ നിന്ന് 16-ലേക്ക് ഉയർന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിഷൻ 2030 പദ്ധതിയുടെ വിജയമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
