പാലക്കാട്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഇ.എം. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗികാരോപണത്തിൽ നിയമനടപടികൾ ശക്തമാകുന്നു. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഡി.ജി.പിക്ക് നൽകിയ പരാതി, അന്വേഷണത്തിനും തുടർനടപടികൾക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സുരേഷ് ബാബുവിനു പുറമേ, പീഡന വിവരം മറച്ചുവെച്ചതിന് പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി പാലക്കാട് പൊലീസിന് കൈമാറിയ വിവരം ഡി.ജി.പിയുടെ ഓഫീസ് ജോൺ ഡാനിയേലിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാൻ പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വനിതാ അഭിഭാഷകയോട് സുരേഷ് ബാബു ലൈംഗികാതിക്രമം കാട്ടിയെന്നാണ് പ്രധാന ആരോപണം. ഏകദേശം ഒരു വർഷത്തോളമായി ഫോണിലൂടെയും അല്ലാതെയും ശല്യപ്പെടുത്തൽ തുടർന്നതോടെ, ഡിജിറ്റൽ തെളിവുകൾ സഹിതം യുവതി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നൽകുകയായിരുന്നു. തുടക്കത്തിൽ വിഷയം ഒതുക്കിതീർക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും യുവതി പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയതോടെയാണ് ഉന്നത നേതൃത്വം ഇടപെട്ടത്. ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ബാബുവിനെ നേരിട്ട് വിളിപ്പിച്ച പിണറായി വിജയൻ പരാതി വായിച്ചു കേൾപ്പിക്കുകയും ചെയ്തതായാണ് വിവരം.

തുടർന്ന് സുരേഷ് ബാബുവിനോട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറിയതാണെന്ന വിവരം പുറത്തുവരരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചതായാണ് സൂചന. അതേസമയം, സുരേഷ് ബാബുവിനെതിരെ ഉയർന്ന ഗുരുതരമായ ഈ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ സി.പി.എം ഔദ്യോഗികമായി ഇതുവരെ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *