തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കമായി. രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക പ്രമേയം സഭ പാസാക്കും. ഇതിന് പുറമെ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായുള്ള സുപ്രധാന ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
ചരിത്രത്തിലാദ്യമായി പ്രമേയം
മുഖ്യമന്ത്രി വി.ഡി സതീശനാണ് ചട്ടം 118 പ്രകാരം സഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കുന്നത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണയ്ക്കും. എന്നാൽ സഭയിലെ മൂന്ന് ബിജെപി അംഗങ്ങൾ ഇതിൽ നിന്ന് വിട്ടുനിൽക്കും. രാജ്യത്തെ ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ ആവശ്യപ്പെട്ട് ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായവരെ ഉടൻ ഉൾപ്പെടുത്തണമെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മിഷനോടും അഭ്യർഥിക്കുന്നതാണ് പ്രമേയം. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ സ്വതന്ത്രവും സുതാര്യവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പുകളാണെന്നും, ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശം സംരക്ഷിക്കപ്പെടണമെന്നും സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ സമീപകാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്നുവന്നിട്ടുള്ള ഗുരുതരമായ ആശങ്കകളും ആരോപണങ്ങളും കണക്കിലെടുത്താണ് ഈ നീക്കം.
മുതിർന്ന പൗരന്മാർക്ക് പ്രത്യേക സംരക്ഷണം
നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിക്കുന്ന മറ്റൊരു സുപ്രധാന ബിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിൻ്റെ ശരാശരി പ്രായത്തേക്കാൾ വേഗത്തിൽ വയോധികരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിർമാണം. വയോജനങ്ങളുടെ സംരക്ഷണത്തിനായി രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സർക്കാർ, അവരുടെ നിയമപരമായ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. മുതിർന്ന പൗരന്മാരെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷയും അര ലക്ഷം രൂപ പിഴയും ലഭിക്കുന്ന കർശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചാലും ശിക്ഷ
വയോജനങ്ങളെ വീടുകളിൽ നിന്ന് പുറത്താക്കുക, അവരുടെ സ്വത്തുക്കൾ അനധികൃതമായി കൈക്കലാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും സമാനമായ ശിക്ഷ ലഭിക്കും. മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. കൂടാതെ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വയോജന പരിചരണ കേന്ദ്രങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും.
ജില്ലാ തലത്തിൽ കലക്ടർമാർ അധ്യക്ഷന്മാരായി മുതിർന്ന പൗരന്മാരുടെ സംരക്ഷണ ഫോറം രൂപീകരിക്കും. വയോജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന കാലത്തോളം സ്വന്തം വീടുകളിൽ തന്നെ താമസിക്കാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കും. ഒരു നാടിൻ്റെ സാംസ്കാരിക നിലവാരം അളക്കുന്നത് മുതിർന്നവരോടുള്ള ആദരവിലൂടെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിൽ നിയമമാകുന്നതോടെ വയോജനങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ ജീവിത സാഹചര്യം സംസ്ഥാനത്ത് ഒരുങ്ങും.
