കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സമയത്ത് കാറിൽ ഒപ്പം ഉണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകടശേഷം ഇവർ മറ്റൊരു വാഹനത്തിൽ കയറിപോയിരുന്നു. പ്രതി സുഹൈൽ സജീവിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 19 വയസ്സായ സുഹൈൽ സജീവ് മദ്യപിക്കാൻ കയറിയ മൂന്ന് ബാറുകൾക്കെതിരെയും നടപടി ഉണ്ടാകും. ബാറുകൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് മന്ത്രി എം ലിജു ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം സുഹൈൽ മദ്യത്തിന് പുറമേ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കാത്തിരിക്കുകയാണ് പൊലീസ്. സുഹൈലിന്റെ സുഹൃത്തും ആലപ്പുഴ സ്വദേശിയും നെടുമ്പാശ്ശേരി പോലീസിന്റെ കസ്റ്റഡിയിലാണ്. പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരായിരുന്നു സുഹൈൽ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മരിച്ചത്.
എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ്. ഓഫീസിലെ സഹ പ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിൽ വിമാനത്താവളത്തിനടുത്ത് എത്തി ചായ കുടിച്ച് മടങ്ങി പോകവേയായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം.
