കൊച്ചി: നെടുമ്പാശ്ശേരിയിൽ 19കാരൻ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അതൃപ്തിയും ആശങ്കയും രേഖപ്പെടുത്തി കേരള ഹൈക്കോടതി. നിരത്തിലെ അച്ചടക്കമില്ലായ്മയിലും റോഡ് സുരക്ഷാ വീഴ്ചകളിലും ഡിവിഷൻ ബെഞ്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വാഹനങ്ങളുടെ അമിതവേഗത കണ്ടെത്താൻ വിദഗ്ധ ടീമിനെ നിയോഗിച്ച് ഫലപ്രദമായ സംവിധാനമൊരുക്കാൻ കോടതി നിർദ്ദേശം നൽകി. വേഗത ഒരിക്കലും ഡ്രൈവർമാർക്ക് ഒരു പ്രോത്സാഹനമാകരുതെന്ന് ഓർമ്മിപ്പിച്ച കോടതി വാഹനങ്ങളുടെ അമിതവേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് ക്യാമറകൾക്ക് കഴിയുമോയെന്നും ഗതാഗത വകുപ്പിനോട് ആരാഞ്ഞു. അമിതവേഗതയ്ക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കാൻ സാധിക്കുമോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ മുൻപും കോടതികളുടെ ഭാഗത്തുനിന്ന് നിരവധി ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ചെറിയ മാറ്റങ്ങൾ മാത്രമാണ് സംഭവിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈൽ സജീവ് വാഹനം ഓടിച്ചത് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഐ ക്യാമറകളിൽ ഈ ദൃശ്യങ്ങൾ വ്യക്തമാണ്. അമിതവേഗതയും അതുമൂലമുള്ള അപകടങ്ങളും അവസാനിപ്പിക്കാൻ പുതിയതും കർശനവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഉയർന്ന പ്രകടനശേഷിയുള്ള കാറുകൾ രാത്രികാലങ്ങളിൽ അമിത വേഗതയിൽ ഓടിക്കുന്ന സാഹചര്യം വ്യാപകമാണ്. 100 മുതൽ 150 കിലോമീറ്ററിലധികം വേഗതയിൽ പായുന്ന ഇത്തരം വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ പോലും ഉടൻ നിൽക്കില്ലെന്നും അതിനാൽ ഇത്തരം പ്രവണതകൾക്ക് പ്രായോഗികമായ പരിഹാരം കാണേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഔപചാരികമായ മറുപടിയല്ല വേണ്ടതെന്നും, വിഷയത്തിൽ ഗതാഗത വകുപ്പ് പത്തു ദിവസത്തിനകം വ്യക്തമായ മറുപടി നൽകണമെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *