തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദേശത്തുള്ള സാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. രവീന്ദ്രന്റെ അറസ്റ്റിലേക്ക് കടക്കുന്നതിന് മുന്‍പായിരുന്നു ചോദ്യം ചെയ്യല്‍.

ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചത് സാജുവും മറ്റൊരു പ്രതിയായ അനിലും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രവീന്ദ്രന്‍ നായര്‍ ജയമാധവന്റെ തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രവീന്ദ്രന്‍ നായരെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്ത ശേഷമാകും സാജുവിന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുക. സാജുവിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സാജുവിന്റെ അറസ്റ്റിലേക്കും കടന്നേക്കും. കൂടത്തില്‍ തറവാട്ടിലെ ദുരൂഹമരണങ്ങളില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുമ്പോള്‍, സ്വത്ത് തര്‍ക്കവും മരണങ്ങളിലെ ദുരൂഹതകളും അഴിച്ചെടുക്കുകയാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *