കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ നിർണായക വിധി. കേസിലെ ഒന്നു മുതൽ നാല് വരെയുള്ള പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. കേസിന്റെ ഗൗരവവും പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച ശക്തമായ വാദങ്ങളും കണക്കിലെടുത്താണ് കോടതിയുടെ നടപടി.

കൊച്ചിയിലെ ആന്റീക് ഷോപ്പ് ജീവനക്കാരായ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ വെച്ച് മരണപ്പെട്ടിരുന്നു.

അപകടത്തിനു പിന്നാലെ പ്രതികൾ നാട്ടുകാരോട് തർക്കിച്ചതായും, അമിതവേഗതയിൽ വാഹനം ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞതായും ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊരു സാധാരണ അപകടം മാത്രമാണെന്നും 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തതിലെ ദുരൂഹതയും, വേഗത തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും, ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലി ഗ്രാമും മൂത്രത്തിൽ 230 മില്ലി ഗ്രാമും ആൽക്കഹോളിന്റെ അംശം പരിശോധനയിൽ കണ്ടെത്തിയെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് ബോധപൂർവ്വം അറിയാവുന്നവരാണ് പ്രതികളെന്നും, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും വ്യക്തമാക്കിയതോടെയാണ് കോടതി പ്രതികളുടെ ജാമ്യം തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *