തിരുവനന്തപുരം: ഏറെ വിവാദമായ തൃശ്ശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറി. എട്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് കൈമാറാതിരുന്നത് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് നടപടി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം അന്വേഷണം പൂർത്തിയാക്കിയ കേസിൽ, തുടർനടപടികൾക്കുള്ള സർക്കാർ അനുമതിക്കായി ഡിജിപി നാളെ (ഒക്ടോബർ 22) സമർപ്പിക്കും. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സർക്കാർ അനുമതി ആവശ്യമായ ഗുരുതര വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപ ആഹ്വാനം നടത്തുക, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്താൻ ശ്രമിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സി.പി.എം, ബി.ജെ.പി എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ്.
രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് കേസിന്റെ അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള പ്രമുഖർ ഉൾപ്പെട്ട കേസ് ആയതിനാൽ അന്വേഷണവും തുടർനടപടികളും നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നതായും വിമർശനങ്ങളുയർന്നിരുന്നു.
