കൊച്ചി: സിനഗോഗ് തീവെപ്പ് കേസിൽ അറസ്റ്റിലായ കോലഞ്ചേരി സ്വദേശി എബിൻ പോളിനെതിരെ കർശന നിയമനടപടിയുമായി അന്വേഷണ സംഘം. പ്രതിക്കെതിരെ യുഎപിഎ ചുമത്തിക്കൊണ്ട് പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഭീകരപ്രവർത്തനങ്ങൾക്കുള്ള ഗൂഢാലോചന, ജനങ്ങൾക്കിടയിൽ ഭീതി പരത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 12-ന് പുലർച്ചെയായിരുന്നു കൊച്ചി സിനഗോഗിന് മുന്നിലുള്ള നേഴ്സറി ഭാഗത്ത് തീവെപ്പുണ്ടായത്. തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയിൽ, വിദേശത്തുനിന്നുള്ള ഭീകരബന്ധമുള്ള ഗ്രൂപ്പുകളിലും ടെലിഗ്രാം ചാറ്റുകളിലും ഇയാൾ സജീവ അംഗമായിരുന്നു എന്ന് വ്യക്തമായി. യുഎപിഎ 16, 18 വകുപ്പുകളാണ് പ്രതിക്കെതിരെ നിലവിൽ ചേർത്തിട്ടുള്ളത്.
കേസിൽ യുഎപിഎ ചുമത്തപ്പെട്ട സാഹചര്യത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി ഏറ്റെടുക്കും. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ എൻഐഎയും മറ്റ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസികളും കേരള പൊലീസുമായി സഹകരിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. വരുംദിവസങ്ങളിൽ കേസിന്റെ തുടർനടപടികൾ എൻഐഎയുടെ നേതൃത്വത്തിലായിരിക്കും മുന്നോട്ട് പോവുക.
