കോട്ടയം: പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിടയാക്കിയ വാഹനാപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കട്ടപ്പന-കോട്ടയം റൂട്ടിലോടുന്ന സി.എം.എസ്. ബസിലെ ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ബസുകൾ തമ്മിൽ മത്സരയോട്ടത്തിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, റോഡിൽ നിന്ന് സംസാരിച്ചുകൊണ്ടുനിന്ന രണ്ട് പേരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മീനടം സ്വദേശിനികളായ ആഷ്‌ലി ആൻ തോമസ് (25), കൃപ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടർ യാത്രക്കാർ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

റോഡിൽ സംസാരിച്ചുനിൽക്കുകയായിരുന്ന രണ്ട് പേരെ ഇടിക്കാതിരിക്കാൻ ഒരു കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന്, പിന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രക്കാർ പെട്ടെന്ന് ബ്രേക്ക് പിടിക്കുകയും വാഹനം തെന്നി ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ഓസ്ട്രേലിയയിൽ എം.എസ്.ഡബ്ലിയു പഠനം പൂർത്തിയാക്കി നാട്ടിലെത്തിയ കൃപ, വീണ്ടും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെടുന്നത്. ആഷ്‌ലിയും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *