തിരുവനന്തപുരം: മിൽമയിൽ യോഗ്യത അട്ടിമറിച്ച് നിയമനം നടത്തിയെന്ന് പിഎസ്‌സിയ്ക്കെതിരെ ആരോപണം. മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നാണ് ആക്ഷേപം. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ആളെ മിൽമ തടഞ്ഞു. സർക്കാരിനോടും പിഎസ്‌സിയോടും മിൽമ നിലപാട് തേടി.

ഡയറി മൈക്രോബയോളജി യോഗ്യത വേണ്ട ജോലിയിൽ മൈക്രോബയോളജി മാത്രം യോഗ്യതയാക്കി പരീക്ഷ നടത്തി നിയമന ഉത്തരവ് നൽകിയെന്നാണ് ആക്ഷേപം. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ തടഞ്ഞു. ഉന്നത തസ്തികയാണെന്നും ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ആളെ നിയമിക്കാൻ കഴിയില്ലെന്നും മിൽമ പറഞ്ഞു. 2024ൽ നടത്തിയ പരീക്ഷയിൽ 2026 സെപ്റ്റംബറിലാണ് നിയമനം നൽകാൻ ശ്രമിച്ചത്.

അതേസമയം ആരോപണങ്ങൾക്കും അന്വേഷണങ്ങൾക്കുമിടെ പിഎസ്‌സിയ്ക്കുള്ളിലും ഭിന്നത രൂക്ഷമാണ്. ചെയർമാൻ ഡോക്ടർ എം ആർ ബൈജുവിനെതിരെ ഒരു വിഭാഗം അംഗങ്ങൾ മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി. പരീക്ഷകൾ ചെയർമാൻ അട്ടിമറിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെ ഉന്നയിച്ചാണ് ഒന്നര മാസം മുമ്പ് പരാതി നൽകിയത്. അതിനിടെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ മൂന്നു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് എസ്ഐടി നീക്കം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളിൽ കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *