- സംസ്ഥാന സ്കൂള്‍ കായികമേള സുഗമമായി പുരോഗമിക്കുന്നതായി മന്ത്രി
- പരാതികള്‍ അപ്പപ്പോള്‍ പരിഹരിക്കാന്‍ നടപടികള്‍
68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള സുഗമമായും സമയബന്ധിതമായും പുരോഗമിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ എന്‍ ഷംസുദ്ദീന് അറിയിച്ചു. മേളയുടെ തുടക്കത്തില്‍ മോശം കാലാവസ്ഥയും റെഡ് അലര്‍ട്ടും ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും അവ മറികടന്ന് മികച്ച പങ്കാളിത്തത്തോടെ മത്സരങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതായി എന്‍ഐടിയിലെ മേജന്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയം കോംപ്ലക്സില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. മത്സരവിജയികള്‍ക്ക് ട്രോഫികള്‍ക്കൊപ്പം 3.79 ലക്ഷം രൂപയോളം സമ്മാനത്തുകയായി വിതരണം ചെയ്തു. മുഖ്യവേദിയായ എന്‍.ഐ.ടി ഉള്‍പ്പെടെയുള്ള വിവിധ ഗ്രൗണ്ടുകളില്‍ അത്ലറ്റിക് മത്സരങ്ങള്‍ പൂര്‍ണതോതില്‍ പുരോഗമിക്കുകയാണ്.
മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സംഘാടകസമിതി ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഭക്ഷണവിതരണത്തിന് ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പേര് എത്തിയതിനെത്തുടര്‍ന്നുണ്ടായ ചെറിയ കാലതാമസം ഒഴിവാക്കാന്‍ ചൊവ്വാഴ്ച മുതല്‍ 2,000 പേര്‍ക്ക് അധികമായി ഭക്ഷണം തയ്യാറാക്കാന്‍ നിര്‍ദേശം നല്കി. വെയിലില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ ഭക്ഷണശാലയ്ക്ക് പുറത്ത് തണല്‍പ്പന്തലുകളും സുരക്ഷയ്ക്കായി പോലീസ് സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനത്തിന് കൂപ്പണുകള്‍ക്ക് പകരം പ്രസ് ഐഡന്റിറ്റി കാര്‍ഡ് മതിയാകും. മാധ്യമപ്രവര്‍ത്തകര്‍ക്കായി ഡൈനിംഗ് ഹാളില്‍ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങള്‍ വേഗത്തില്‍ പ്രഖ്യാപിക്കുന്നതിനും അതത് ഗ്രൗണ്ടുകളില്വെച്ചുതന്നെ ട്രോഫികളും മെഡലുകളും വിതരണം ചെയ്യുന്നതിനും നടപടികള്‍ സ്വീകരിച്ചു. രാത്രി മത്സരങ്ങള്‍ നടക്കുന്ന ഗ്രൗണ്ടുകളില്‍ മികച്ച വെളിച്ചസംവിധാനം ഉറപ്പാക്കും. ബയോ ടോയ്ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കായികതാരങ്ങള്‍ക്കായി 50 കേന്ദ്രങ്ങളില്‍ ഒരുക്കിയ താമസസൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രായത്തട്ടിപ്പ്, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ ബോണ്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന പരിശോധനകളും തുടര്‍നടപടികളും സ്വീകരിക്കും. കുട്ടികളുടെ കായികപ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും കായികമേളയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പൂര്‍ണ പിന്തുണ മന്ത്രി അഭ്യര്‍ഥിച്ചു.
