കൊച്ചി: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ ഇന്നും പിഎസ്‌സിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് കോടതി പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യംചെയ്തുള്ള പിഎസ്‌സിയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഇന്നും കോടതി പിഎസ്‌സിക്കെതിരെ ആഞ്ഞടിച്ചത്. എത്ര മൂടിവെച്ചാലും സത്യം ഒരുനാള്‍ മറനീക്കി പുറത്തുവരിക തന്നെ ചെയ്യുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ പറഞ്ഞു. സിബിഐ സീരിസിലെ മമ്മൂട്ടിയുടെ കഥാപാത്രമായ സേതുരാമയ്യരെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. പിഎസ്‌സി തന്നെ കുറ്റക്കാര്‍ക്കെതിരെ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം ഗവര്‍ണറുടെ പിരിച്ചുവിടല്‍ ശുപാര്‍ശക്കും കോടതി വിമര്‍ശനങ്ങള്‍ക്കുമിടെ പിഎസ്‌സിയില്‍ വന്‍ പൊട്ടിത്തെറി നടക്കുകയാണ്. ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പൂര്‍ണമായും തള്ളിക്കൊണ്ട് ഒരു വിഭാഗം പിഎസ്‌സി അംഗങ്ങള്‍ നിലപാടെടുത്തു. മടിയില്‍ കനം ഇല്ലാത്തതിനാല്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്നാണ് ഇവരുടെ നിലപാട്. ഇതിനിടെ, ഗുരുതര നിയമന ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പി.എസ്.സി നടത്തിയ ഫിഷറീസ്, ഖാദി ബോര്‍ഡ് പരീക്ഷകളില്‍ കൂടി ക്രൈംബ്രാഞ്ച് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പിഎസ്‌സിയുടെ ഹര്‍ജിയില്‍ നവംബര്‍ രണ്ടിന് കോടതി വിശദമായ വാദം കേള്‍ക്കും. ചെയര്‍മാന്റെ ഈ നിര്‍ദ്ദേശം തള്ളികളഞ്ഞാണ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്നലെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. മടിയില്‍ കനമില്ലാത്തതിനാല്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് അംഗങ്ങള്‍ നിലപാടെടുത്തു. അന്വേഷണവുമായി സഹകരിക്കാതിരുന്നാല്‍ കമ്മീഷന്‍ ഒന്നാകെ പിരിച്ചുവിടുന്ന തീരുമാനത്തിലേക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നും അംഗങ്ങള്‍ തുറന്നടിച്ചു.

മൊഴിയെടുക്കാന്‍ അന്വേഷണസംഘം പിഎസ്‌സിയിലേക്ക് എത്തണമെന്നായിരുന്നു നേരത്തേ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് ചെയര്‍മാന്റെ മാത്രം തല്‍പര്യമായിരുന്നു. ഇന്നലെ ഹൈക്കോടതി നിലപാട് ചര്‍ച്ചചെയ്യാന്‍ ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയും ചെയ്തു. ചെയര്‍മാന്‍ വിശേഷാധികാരം ദുരുപയോഗം ചെയ്തുവെന്ന് കാട്ടി ചില അംഗങ്ങള്‍ മുഖ്യമന്ത്രിക്കും നേരത്തെ പരാതി നല്‍കിയിരുന്നു.

നാളെയാണ് പരീക്ഷ തട്ടിപ്പില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജു ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ എം.ആര്‍.ബൈജു ക്രൈം ബ്രാഞ്ചിന് വഴങ്ങുമോ എന്നാണിനി അറിയേണ്ടത്.

അതേസമയം, യോഗ്യതയില്ലാത്തവരെ നിയമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകളില്‍ കൂടി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍,ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും സാമ്പത്തിക ഇടപാടുകളും സംശയിക്കുന്നത്. ആദ്യ റാങ്കുകാരില്‍ ഭൂരിഭാഗവും എസ്.എഫ്.ഐ പ്രവര്‍ത്തകരായതില്‍ അന്വേഷണസംഘം അഴിമതി സംശയിക്കുന്നു. കുഫോസിലെ അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ടതും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *