ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് പ്രതിഷേധ സഭ ചേരാന്‍ തീരുമാനിച്ചത്. മോശം കാലവസ്ഥയെ തുടര്‍ന്നാണ് നീക്കം. അതിനിടെ നവംബര്‍ ഒന്നിലെ മഹാ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധം ഇന്ന് തുടങ്ങനായിരുന്നു തീരുമാനം. വൈകിട്ട് 3.30 ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ പരസ്യ വിചാരണ നടത്താനായിരുന്നു ഒരുക്കം. ഇതിനിടയിലാണ് ഡല്‍ഹിയിലെ കാലാവസ്ഥ മോശമായത്. ഇതോടെയാണ് പരിപാടി മാറ്റി വെക്കാന്‍ ആലോചിക്കുന്നത്. പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ അതേ മാതൃകയിലാണ് ജനകീയ കുറ്റ വിചാരണ ആസൂത്രണം ചെയ്തത് .ലോക്‌സഭ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ സഭാനിയന്ത്രണം നിര്‍വഹിക്കുമെന്നായിരുന്നു അറിയിപ്പ്.ഖര്‍ഗെ അവതരിപ്പിക്കുന്ന ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ മറുപടിയോടെ പാസാക്കാനായിരുന്നു നീക്കം.
വോട്ട് കൊള്ളക്ക് ഇരയായവരടക്കം നാനൂറോളം പേര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. മോക്ക് പാര്‍ലമെന്റ് എന്ന പദത്തിന് പകരം ജന്‍ മഹാഭിയോഗ് എന്നാണ് നേതാക്കള്‍ ഉപയോഗിക്കുക.അതേസമയം രാംലീല മൈതാനത്തെ മഹാറാലി പ്രമുഖ നേതാക്കളെ അണിനിരത്തി ശക്തിപ്രകടനമാക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.രണ്ടു പരിപാടികളും മുന്നില്‍ക്കണ്ട് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.അതിനിടെ നവംബര്‍ ഒന്നിലെ മഹാ റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി സോണിയ ഗാന്ധിക്ക് കത്തയച്ചു. റാലി നടന്നാല്‍ 12000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ വാദം.
